Tuesday, February 17, 2009

പെഡസ്ട്രിയന്‍

ഒരു സന്ധ്യയ്ക്ക്‌ കവിത നടക്കാനിറങ്ങി
ഇനിയാരെ തുണിയുരിയണമെന്നോര്‍ത്ത്‌
നാടു വിട്ട്‌ തുച്ഛമായ കൂലിക്ക്‌
പണിയെടുക്കുന്ന ബംഗാളി പെണ്ണുങ്ങളെ കണ്ടു
ചന്തയിലെ കൂട്ടം
കാലില്‍ കെട്ടി തൂങ്ങി ചത്ത കോഴികളെ
ബാറില്‍ മേശ തുടയ്ക്കുന്ന പയ്യനെ
കവിതയുറയ്ക്കുന്നില്ല
നടന്നു
സായന്തനത്തിന്റെ അഭൌമ ഭംഗി കണ്ടു
ട്യൂഷന്‍ കഴിഞ്ഞ്‌ പൊക്കണം തൂക്കി
വീട്ടിലേക്കോടുന്ന് കുട്ടികളെ കണ്ടു
ഉറക്കം തൂങ്ങുന്ന മരങ്ങള്‍
കിഴക്ക്‌ പാറുന്ന് കൊറ്റികള്‍
പോരാ കവിതയുറക്കുന്നില്ല
അമ്മ, അച്ഛന്‍, അനുഭവങ്ങള്‍
മനസ്‌ കൂട്‌ വിട്ട്‌ പറന്നു
ഭൂതകാലത്തില്‍ ചിക്കി ചികഞ്ഞു
ഭാവിയിലേക്കൊരു പൊന്നിന്‍ കൂടാരം കെട്ടി
പോരാ കവിതയുറക്കുന്നില്ല
എല്ലാം ക്ലീഷെ പിടിച്ചു കിടക്കുകയാണ്‌
ക്ലീന്‍ഷേവായിട്ടൊരു കവിത വേണം
മനസ്‌ മാനത്ത്‌ തേരോട്ടം തുടര്‍ന്നപ്പോള്‍
ശരീരം NH മുറിച്ചു കടന്നു
പെട്ടെന്ന്‌ ഞെട്ടി
ഒരു ശകടത്തിനു മുന്നില്‍ നിന്ന്‌
തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടിരിക്കുന്നു
ദൈവത്തെ വിളിച്ചു, ഭാഗ്യം
ഇപ്പൊ തന്നെ കവിത തീര്‍ന്നേനെ !

3 comments:

പ്രയാണ്‍ said...

ഇപ്പൊത്തന്നെ.... എന്തായാലും ഇതെഴുതാന്‍ ബാക്കിയുണ്ടായല്ലൊ.ഈ ക്ലിന്‍ഷേവ് കവിത ഒരു ആഗോള പ്രശ്നമാണല്ലെ...നന്നായിട്ടുണ്ട്...

Mahi said...

ഒന്നിലും ഉറയ്ക്കാത്തവര്‍, വ്യവസ്ഥയോട്‌ പുറം തിരിഞ്ഞു നടക്കുന്നവര്‍ അവസാനം എത്തിചേരുന്നത്‌ എന്നും മരണത്തിന്റെ ആകസ്മിതയിലേക്കാണ്‌.ജോണിനെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ വായിക്കുകയുണ്ടായി ജോണ്‍ അന്ന്‌ ടെറസ്സില്‍ നിന്ന്‌ വീണ്‌ മരിച്ചില്ലായിരുന്നെങ്കില്‍ ആത്മഹത്യചെയ്തേനെ എന്ന്‌ ശരിയായിരിക്കാം അഭൌമ ഭംഗികളിലും അച്ഛനിലും അമ്മയിലും ഭാവിയുടെ റൊമന്റിക്‌ അശ്ലീലങ്ങളിലും ഉറയ്ക്കാത്ത ഈ കവിതയുടെ വിധിയെ ജീവിതത്തിലേക്ക്‌ സംക്രമിപ്പിച്ച്‌ വായിക്കുമ്പോള്‍ എനിക്കങ്ങനെയാണ്‌ തോന്നുന്നത്‌ എന്തായാലും അസ്വാഭാവികമായ മരണങ്ങളുടേയും ഉറയ്ക്കാത്ത വഴികളുടേയും കാല്‍നടക്കാരാ നിനക്ക്‌ കാഴ്ചകളെ അളന്നുമുറിക്കുന്ന അതി സൂക്ഷ്മമാര്‍ന്നൊരു കണ്ണുണ്ടാവട്ടെ എന്നാശംസിക്കുന്നു

വരവൂരാൻ said...

ഒരു സന്ധ്യയ്ക്ക്‌ കവിത നടക്കാനിറങ്ങി
ഇനിയാരെ തുണിയുരിയണമെന്നോര്‍ത്ത്‌

.ആശംസകൾ