Tuesday, May 20, 2008

വായ

നവദ്വാരങ്ങളിലൊന്ന്‌

മുപ്പത്തിരണ്ട്‌ ദന്ത പണ്ഡിതന്‍മാരോടു കൂടിയ

നാവിന്റെ രാജസദസ്സ്‌

കാലത്ത്‌ കോട്ടുവാ വിട്ട്‌

കിടക്ക വിട്ടെഴുന്നേറ്റു

കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍

‍ചപ്ര പിടിച്ച മുടിയും

പീള കെട്ടിയ കണ്‍ തടങ്ങളും

പിന്നെ അസഹനീയമായ ദുര്‍ഗന്ധത്തോടെ വായും

മുടി കോതിയൊതുക്കി

മുഖം കഴുകി വാ വൃത്തിയാക്കി

പിന്നെ പ്രാതല്‍

‍വായ ഊര്‍ജ്ജ്വസ്വലമായി

വര്‍ത്തമാനങ്ങളിലേക്ക്‌ കടന്നപ്പോള്‍

വിടുവായത്തം

അമിത ഭക്ഷണവും ഭാഷണവും അശ്ലീലം

ഹൃദയത്തില്‍ നിറഞ്ഞത്

‌വായ പുറന്തള്ളുന്നുവെന്ന്‌ സുവിശേഷകന്‍

‍വായില്‍ തോന്നിയത്‌

കോതയ്ക്കും എനിക്കും പാട്ട്‌

Thursday, May 15, 2008

ശിലാഹൃദയം


എന്നോട്‌ ഉന്നയിച്ചേക്കാവുന്ന ചോദ്യങ്ങളെ കുറിച്ചും

ചോദ്യങ്ങള്‍ക്ക്‌ കിട്ടാവുന്ന ഉത്തരങ്ങളെ കുറിച്ചും

എനിക്കൊരു മുന്‍വിധിയുണ്ടായിരുന്നു

അതുകൊണ്ടു തന്നെ ഞാനെന്റെ ഹൃദയത്തെ

കല്ലു പോലെ സൂക്ഷിച്ചു

എന്റെ നേരെ എറ്റിയ ചോദ്യങ്ങളെല്ലാം

ഉന്നം തെറ്റി തിരിച്ചു ച്ചെന്നു

എന്റെ ഹൃദയത്തെ ഉരച്ചു നോക്കിയ മേശന്‍മാര്‍

‍വെള്ളക്കല്ലെന്നു പറഞ്ഞും

ശില്പികള്‍, പൊള്ളക്കല്ലെന്നു പറഞ്ഞും

എന്നെ തിരസ്ക്കരിച്ചു

ഞാനൊരു ലോല ശിലാഹൃദയന്‍

‍അല്ലെന്നുണ്ടെങ്കില്‍ എന്റെ ഹൃദയത്തെ

ദീര്‍ഘ ചതുരാകൃതിയില്‍ മുറിച്ചെടുക്കുക

അതിര്‍ത്തിയിലെ കമ്പിവേലിക്കു കാലാക്കുക

വേനല്‍ മഴ


സൌഹൃദത്തിന്റെ വേനല്‍ മഴയ്ക്ക്‌ കാത്തിരിക്കുന്ന

വേഴാമ്പലാണെന്റെ മനസ്‌

സുഹൃത്തുക്കളെല്ലാം കരിമേഘത്തെ മനസിലൊളിപ്പിച്ച്‌

വേനല്‍ ചിരി നിറച്ച്‌ എന്നെ കബിളിപ്പിക്കുന്നു

ഞാനൊ ദാഹാര്‍ത്തിയായ്‌-

ശിഖരങ്ങളില്‍ നിന്ന്‌ ശിഖരങ്ങളിലേക്ക്‌.......

ഞാനിരുന്ന സുഹൃദ്‌മരം നിറയെ ഇത്തിള്‍ക്കണ്ണി പിടിച്ച്‌

പട്ട്‌ പോയിരിക്കുന്നു

പിന്നെയും ഞാന്‍ പ്രാര്‍ഥിക്കുന്നു

ഈ മാനമൊന്നുരുണ്ടു കൂടിയിരുന്നെങ്കില്‍

ഈ കരിമേഖങ്ങളൊന്നു മുട്ടിയുരുമ്മിയിരുന്നെങ്കില്‍

‍ഒടുവില്‍ മഴനൂലിഴകളായ്‌ സ്നേഹം പെയ്തിരുന്നെങ്കില്‍

‍എങ്കില്‍........എങ്കില്‍.........ഞാനാ

ജലത്തെ മുഴുവന്‍ കുടിച്ചു വറ്റിച്ചുന്‍മാദിയാകും

കടങ്കഥ

പുലിയെ പിടിക്കനാണ്‌ ഇറാഖ്‌ ചുട്ടത്‌

പുലിപ്പാലിനല്ല

പുലിത്തോല്‍ വെള്ളക്കൊട്ടാരത്തിലെ

കറുത്ത കസേരയ്ക്കിന്നലങ്കാരം

ഇറാഖിലെ കുട്ടികളിപ്പോള്‍ പുലിനഖം കൊണ്ടാണ്‌

ക്ഷതമേല്പ്പിച്ചാനന്ദിക്കുന്നത്‌

അടുപ്പെരിയാറില്ലെങ്കിലും

അവരുടെ അടുക്കള ദിവസവും തീപിടിക്കുന്നു

തീ എണ്ണപ്പാടങളിലേക്കും

എണ്ണകിണറുകളിലേക്കും പടരുന്നു

ഈയാം പാറ്റ കണക്ക്‌ അവര്‍-

തീയിലേക്ക്‌ പൊഴിഞ്ഞു വീഴുന്നു

പുലികള്‍ പുല്ല്‌ തിന്ന്‌ തുടങ്ങിയിരിക്കുന്നു

വെള്ളക്കൊട്ടാരത്തില്‍ കസേരകള്‍ പെരുകുന്നു

ശകുനം

പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ ശകുന ശസ്ത്രം

ഒന്നു കൂടി ഓര്‍ത്തു

നിറകുടം, വേശ്യ, പച്ചമാംസം, ശവമഞ്ചം

പടികടന്നപ്പോള്‍ മുതല്‍

‍കണ്ണ്‌ ശുഭ ലക്ഷണങള്‍ തിരഞ്ഞു

മനസ്സു നിറയെ അശുഭ ചിന്തകളായിരുന്നു

റോഡരികില്‍, പൈപ്പിന്‍ ചുവട്ടില്‍-

ഒരുപാട്‌ പ്ലാസ്റ്റിക്‌ കുടങ്ങള്‍

‍വെറുതെ കണ്ണയച്ചു

ഒന്നു പോലും നിറഞ്ഞിരുന്നില്ല

ബസ് സ്റ്റാന്റിലെ മൂത്രപ്പുരയ്ക്കടുത്ത്

ഒരുവള്‍ വേശ്യാ ലക്ഷണങ്ങളോടെ

വെറുതെ കണ്ണളന്നു

അവളുടെ ഒട്ടിയ വയര്‍, ഇടിഞ്ഞ മുലകള്‍

‍ബസ്‌ ഒരു ട്രാഫിക്‌ ജാമില്‍ കുടുങ്ങിയപ്പോള്‍

വിവരമന്വേഷിച്ചു

കുറച്ചു മുന്നില്‍ ഒരപകടം

ഒരാംബുലന്‍സ്‌ കടന്നു പോകുന്നത്‌ കണ്ടു

പുറത്തേക്കെത്തി നോക്കിയപ്പൊള്‍

റോഡരികില്‍ ഒരു ചോരത്തളം

കണ്ണടച്ചു കിടന്നു

പോയ കര്യം ശുഭം

Wednesday, May 14, 2008

ചരമ കുറിപ്പ്‌

ഞാനിതാ കൊടുമുടിയുടെ

ഉയരത്തിനപ്പുറമുള്ള ലോകത്തിലേക്ക്‌

യാത്രയാവുന്നു.

ഒന്നും നേടാനില്ലാതെ നഷ്ടപ്പെടാനും

ചിലപ്പോഴെന്റെ ഉത്തരത്തില്‍

‍വീഴ്ത്തുന്ന കുരുക്കിന്റെ വഴിയില്‍

‍അല്ലെങ്കില്‍ ഉയരത്തില്‍ നിന്ന്‌ ഒഴുകി വന്ന്‌

അലര്‍ച്ചയോടെ താഴെക്കു പതിച്ച്

‌ശാന്തമായൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ

ആഴത്തിലേക്ക്‌.......

ഇല്ല, മരണത്തിലെങ്കിലും

വെറുമൊരു സ്വാഭാവികത

എനിക്കു സാധ്യമായിരുന്നില്ല.

തൂക്കമാനം

രാത്രി മുഴുവന്‍ അളന്നു ചൊരിഞ്ഞ

എന്റെ മനഃത്ലാസിന്റെ സൂചിക്ക്‌

ഇടത്തോട്ടൊരു ചായ്‌വ്‌

ഇനി നിങ്ങളുടെ ദുഃഖഭാരങ്ങളെല്ലാം

വലത്തെ തട്ടില്‍ തൂക്കുക

ഇടത്തെ തട്ടില്‍-

എന്റെ സ്നേഹത്തിന്റെ

തൂക്കു കട്ടികള്‍

പങ്ക

മൂന്നു ചിറകുള്ള ഈ പക്ഷിയെ

ഇന്നലെ ഞന്‍ കൂട്ടിലാക്കി

ഇന്നതെന്റെ മെയ്യിന്‌ കുളിര്‍മയേകാന്‍

‍തലയ്ക്കു മുകളില്‍ വട്ടം പറക്കുന്നു

നാളെ ഞാനതിന്റെ ഉപകാരസ്മരണയ്ക്ക്-

അതിന്റെ മുന്നില്‍ തല കുനിയ്ക്കും

എന്റെ ആത്മവിന്‌ ശൂന്യാകാശത്തേയ്ക്ക്‌ പറക്കാന്‍

‍അതിന്റെ ചിറകുകളെ കടം കൊള്ളും

Saturday, May 10, 2008

ഒലക്ക

ഒന്നേ ഉണ്ടായിരുന്നുള്ളൂ
ഉരലിലിട്ടിടിച്ചതിന്റെ മൂട് ഉരക്കുഴിക്കു
പാകത്തിനു ഉരുണ്ടിരുന്നു
അമ്മയുടെ കൈകളില്‍ കിടന്ന്‌
അതിന്റെ നൃത്തം മനോഹരമായിരുന്നു
കുറച്ചു നേരത്തെ അദ്ധ്വാനത്തിനു ശേഷം-
ദിവസം മുഴുവന്‍ അടുക്കളയുടെ മൂലക്കിരിക്കും
മുന്‍പൊക്കെ ഓണക്കാലത്ത്‌ ഒലക്ക കളിക്കാന്‍
പെണ്ണുങ്ങള്‍ പുറത്തെടുക്കുമായിരുന്നു
ഓണക്കളിയെല്ലാം ഇല്ലാതായപ്പോള്‍
അടുക്കളയുടെ മൂല തന്നെ വീണ്ടും ശരണം
പരിഷ്ക്കാരങ്ങള്‍ കടന്നു വന്നപ്പോള്‍
‍അടുക്കളയില്‍ നിന്നും പുറത്തെക്കെടുത്തുവച്ചു
സഹിക്കാനവാതിരുന്നത്‌ അമ്മയുടേയും കൂടെ അവഗണനയാണ്‌
ഉരലിനോട് പഴംകഥകള്‍ പറഞ്ഞു നേരം പോക്കി
ചാരി നിന്ന്‌ മടുത്ത്‌ ഒരു ദിവസം നിലത്തേക്ക്‌ ചാഞ്ഞു
മണ്ണിന്റെ കുളിര്‍മയറിഞ്ഞതു അപ്പോഴായിരുന്നു
അപ്പോഴേക്കും മൂടു ചിതലരിക്കന്‍ തുടങ്ങിയിരുന്നു
ഇന്നിപ്പൊള്‍ ചിറ്റഴിഞ്ഞ്‌ മണ്ണില്‍ പുതഞ്ഞു കിടക്കുന്നു
ഒരുമയോടെ കുറെ ചിതലും തേരട്ടകളും പുറത്തിരിക്കുന്നു
അടുത്തു തന്നെ ഉരക്കുഴിയില്‍ കെട്ടിയ വെള്ളത്തില്‍
നിറച്ചു കൂത്താടികളുമായി……