Tuesday, February 17, 2009

പെഡസ്ട്രിയന്‍

ഒരു സന്ധ്യയ്ക്ക്‌ കവിത നടക്കാനിറങ്ങി
ഇനിയാരെ തുണിയുരിയണമെന്നോര്‍ത്ത്‌
നാടു വിട്ട്‌ തുച്ഛമായ കൂലിക്ക്‌
പണിയെടുക്കുന്ന ബംഗാളി പെണ്ണുങ്ങളെ കണ്ടു
ചന്തയിലെ കൂട്ടം
കാലില്‍ കെട്ടി തൂങ്ങി ചത്ത കോഴികളെ
ബാറില്‍ മേശ തുടയ്ക്കുന്ന പയ്യനെ
കവിതയുറയ്ക്കുന്നില്ല
നടന്നു
സായന്തനത്തിന്റെ അഭൌമ ഭംഗി കണ്ടു
ട്യൂഷന്‍ കഴിഞ്ഞ്‌ പൊക്കണം തൂക്കി
വീട്ടിലേക്കോടുന്ന് കുട്ടികളെ കണ്ടു
ഉറക്കം തൂങ്ങുന്ന മരങ്ങള്‍
കിഴക്ക്‌ പാറുന്ന് കൊറ്റികള്‍
പോരാ കവിതയുറക്കുന്നില്ല
അമ്മ, അച്ഛന്‍, അനുഭവങ്ങള്‍
മനസ്‌ കൂട്‌ വിട്ട്‌ പറന്നു
ഭൂതകാലത്തില്‍ ചിക്കി ചികഞ്ഞു
ഭാവിയിലേക്കൊരു പൊന്നിന്‍ കൂടാരം കെട്ടി
പോരാ കവിതയുറക്കുന്നില്ല
എല്ലാം ക്ലീഷെ പിടിച്ചു കിടക്കുകയാണ്‌
ക്ലീന്‍ഷേവായിട്ടൊരു കവിത വേണം
മനസ്‌ മാനത്ത്‌ തേരോട്ടം തുടര്‍ന്നപ്പോള്‍
ശരീരം NH മുറിച്ചു കടന്നു
പെട്ടെന്ന്‌ ഞെട്ടി
ഒരു ശകടത്തിനു മുന്നില്‍ നിന്ന്‌
തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടിരിക്കുന്നു
ദൈവത്തെ വിളിച്ചു, ഭാഗ്യം
ഇപ്പൊ തന്നെ കവിത തീര്‍ന്നേനെ !

Wednesday, February 11, 2009

പട്ടാഭിഷേകം

ഗൂഗിളില്‍ അപ്‌ഡേറ്റ്‌ ചേയ്യാത്തതു കാരണം ഇവിടെ കൊടുക്കുന്നു.കവിത ഇവിടെ

Friday, February 6, 2009

പട്ടാഭിഷേകം

നവ ശൂര്‍പ്പണഖമാരെ ശ്രദ്ധിക്കുക
നിങ്ങളുടെ പൂര്‍വികയുടെ
മൂക്കും മുലയും കാതും മുടിയുമരിഞ്ഞ
ശരം കുഴിച്ചെടുത്തിട്ടുണ്ട്‌ മംഗ്ലൂരില്‍
കാടിളകി വരുന്നുണ്ട്‌ ശ്രീരാമ സേന
അല്ലെങ്കില്‍ തന്നെ
യൂറോപ്യന്‍ വസ്ത്രങ്ങളില്‍ കുത്തി നിറച്ച്‌
നിങ്ങളുടെ ശരീരമെന്തിനിങ്ങനെ വിളംബരം ചെയ്യണം
കണ്ടു പടിക്കുക പ്രഗ്യാസിങ്ങിനെ, ഉമാഭാരതിയെ
ആര്‍ഷ ഭാരത വസ്ത്രശാല തുറന്നിട്ടുണ്ട്‌
രാമജന്മ ഭൂമിയില്‍
എന്നിട്ട്‌ പുറപ്പെടുക
സേതു മുറിക്കേണ്ടതില്ല
മീന്‍കൊത്തിച്ചാത്തന്റെ വായു മാര്‍ഗത്തില്‍
അവിടെ നവ ലങ്ക എരിയുന്നുണ്ട്‌
കുറെച്ചെണ്ണ കരുതുക (വിലക്കുറവാണല്ലൊ)
നമുക്ക്‌ പൂര്‍ത്തീകരിക്കാം ലങ്കാദഹനം

Wednesday, February 4, 2009

പുകച്ചില്‍

 അമ്മ അടുപ്പ്‌ പുകച്ച്‌ പുകച്ച്‌
അട്ടം കറുത്തു
ഞാന്‍ തല പുകച്ച്‌ പുകച്ച്‌
മുടിയെല്ലാം വെളുത്തു
അട്ടമൊന്ന്‌ തട്ടിയാല്‍
ഒരു മുറം കറുത്ത പൊടി
തലയൊന്ന്‌ ചോറിഞ്ഞാല്‍
ഒരു നുള്ള്‌ വെളുത്ത പൊടി
അമ്മ അടുപ്പ്‌ പുകച്ചതു കൊണ്ടാണ്‌
എന്റെ കവിത പുറത്തു ചാടിയത്‌

Monday, February 2, 2009

ഡം

 ഫ്രീഡം എന്ന വാക്കില്‍ നിന്ന്‌ ഡം തെറിച്ചു പോയ്‌
എങ്ങോട്ട്‌ ?
ഡം ഡം വിമാനത്താവളത്തില്‍ നിന്നും
പറന്നുയര്‍ന്ന്‌ വിമാനത്തിലേറി
ശ്യൂന്യാകാശത്തേയ്ക്കൊ ?
ചെണ്ടപുറത്ത്‌ ചെന്നു വീഴുന്ന
കോലിന്നടിയിലേക്കൊ ?
എന്തായാലും പോയതു പോയ്‌
ബാക്കിയുള്ളത്‌ വിറ്റഴിച്ച്‌
ബഹുരാഷ്ട്ര കുത്തകകള്‍
വിപണി പിടിച്ചടക്കി

Tuesday, January 27, 2009

ഉപമ

ഒന്നിനോടൊന്ന്‌ സാദൃശ്യം ചൊന്നാലുപമയാമത്‌
പ്രസന്ന ടീച്ചര്‍ ഉപമാലങ്കാരം പഠിപ്പിച്ചു തന്നു
മന്നവേന്ദ്രനെ ചന്ദ്രനോടുപമച്ച്‌
അതിന്നുദാഹരണവും.....
പോരാത്തതിന്‌ ടീച്ചറുടെ വക
മൂത്തമേത്ത വിളങ്ങുന്നു
പോത്തിനെ പോലെ നിന്‍ മുഖം
എന്തെങ്കിലുമൊന്നുപമിക്കാന്‍
കലശലായ ആഗ്രഹം
ഒരു ദിവസം സ്കൂളിലേക്ക്‌ പോകുമ്പോള്‍
പതുവുപോലെ ചെത്ത്വാരന്‍ വേലായുധേട്ടന്‍
അരയിലെ ചേറ്റ്വത്തിക്കൂട്ടില്‍
തളാപ്പ്‌ കിടന്നടിക്കുന്ന ടക്‌, ടക്‌
ശബ്ദത്തോടെ ഞങ്ങളെ ഓവെര്‍ ടെയ്ക്കു ചെയ്തു
കൈയ്യിലെ മുട്ടും പാനിയില്‍ നിന്ന്‌
കള്ള്‌ പുറത്തേക്ക്‌ തുളുമ്പി
വഴിയാകെ കള്ളിന്റെ സുഗന്ധം
പാനിയിലേക്കെത്തി നോക്കിയ
എനിക്കൊരുപമ തോന്നി
കള്ളും പത കണ്ടാല്‍ തവള പാറ്റിയ പോലുണ്ട്‌
ഞാനുടനെ പ്രഖ്യാപിച്ചു
മയിരോളെ നിന്റമ്മേടെ മറ്റേത്‌ പാറ്റിയ പോലാടാ
വേലായുധേട്ടന്റെ പ്രത്യുപമ
ശകാരവര്‍ഷമായി ചെവിയില്‍ പൊതിഞ്ഞു
ഹൃദയം നൊന്തു
കാലാന്തരത്തില്‍ അലങ്കാരമുള്ള കവിതകള്‍ക്ക്‌ പകരം
അഹങ്കാരമുള്ള കവിതകള്‍ എഴുതിത്തുടങ്ങി

Friday, December 19, 2008

കത്ത്‌

മറന്നതല്ലായിരിക്കാം
സമയക്കുറവുകൊണ്ടായിരിക്കാം
നീ അയച്ച കത്ത്‌ എനിക്ക്‌
കിട്ടാഞ്ഞതായിരിക്കാം
എങ്കിലും......എങ്കിലും ...........
മറക്കുന്നുവെന്നോര്‍മിക്കുമ്പോള്‍
ഒരു വേദന