Saturday, May 10, 2008

ഒലക്ക

ഒന്നേ ഉണ്ടായിരുന്നുള്ളൂ
ഉരലിലിട്ടിടിച്ചതിന്റെ മൂട് ഉരക്കുഴിക്കു
പാകത്തിനു ഉരുണ്ടിരുന്നു
അമ്മയുടെ കൈകളില്‍ കിടന്ന്‌
അതിന്റെ നൃത്തം മനോഹരമായിരുന്നു
കുറച്ചു നേരത്തെ അദ്ധ്വാനത്തിനു ശേഷം-
ദിവസം മുഴുവന്‍ അടുക്കളയുടെ മൂലക്കിരിക്കും
മുന്‍പൊക്കെ ഓണക്കാലത്ത്‌ ഒലക്ക കളിക്കാന്‍
പെണ്ണുങ്ങള്‍ പുറത്തെടുക്കുമായിരുന്നു
ഓണക്കളിയെല്ലാം ഇല്ലാതായപ്പോള്‍
അടുക്കളയുടെ മൂല തന്നെ വീണ്ടും ശരണം
പരിഷ്ക്കാരങ്ങള്‍ കടന്നു വന്നപ്പോള്‍
‍അടുക്കളയില്‍ നിന്നും പുറത്തെക്കെടുത്തുവച്ചു
സഹിക്കാനവാതിരുന്നത്‌ അമ്മയുടേയും കൂടെ അവഗണനയാണ്‌
ഉരലിനോട് പഴംകഥകള്‍ പറഞ്ഞു നേരം പോക്കി
ചാരി നിന്ന്‌ മടുത്ത്‌ ഒരു ദിവസം നിലത്തേക്ക്‌ ചാഞ്ഞു
മണ്ണിന്റെ കുളിര്‍മയറിഞ്ഞതു അപ്പോഴായിരുന്നു
അപ്പോഴേക്കും മൂടു ചിതലരിക്കന്‍ തുടങ്ങിയിരുന്നു
ഇന്നിപ്പൊള്‍ ചിറ്റഴിഞ്ഞ്‌ മണ്ണില്‍ പുതഞ്ഞു കിടക്കുന്നു
ഒരുമയോടെ കുറെ ചിതലും തേരട്ടകളും പുറത്തിരിക്കുന്നു
അടുത്തു തന്നെ ഉരക്കുഴിയില്‍ കെട്ടിയ വെള്ളത്തില്‍
നിറച്ചു കൂത്താടികളുമായി……

No comments: